Tuesday, April 19, 2022

ങേ, എന്താ പറഞ്ഞേ?

ങേ, എന്താ പറഞ്ഞേ?

കവർഗ്ഗാനുനാസികത്തിൽ തുടങ്ങുന്ന വാക്കുകൾ പറയാമോ എന്നു ചോദിച്ചാൽ നാം അറിയാതെ ചോദിച്ചുപോകും:

"ങേ, എന്താ പറഞ്ഞേ?"

ഇതിലാദ്യം വരുന്ന വാക്ക്  വ്യാക്ഷേപകമാണെങ്കിലും ങ-യിൽ തുടങ്ങുന്നതാണ്. ഉച്ചാരണത്തിൽ  അനുനാസികം കലർന്ന 'ഏ' ആണെങ്കിലും എഴുതുന്നത് ങേ എന്നാണ്. 

ഇതല്ലാതെ ങ-യിൽ തുടങ്ങുന്ന മറ്റു വാക്കുകളുണ്ടോ? 

സംസ്‌കൃതത്തിൻ്റെ സഹായം തേടിയാൽ വേറേ രണ്ടുമൂന്നു വാക്കുകൾ കാണാം. ശബ്ദതാരാവലിയിൽ താഴെക്കാണുന്നവ കാണുന്നു:

  • ങൻ  = ശിവൻ 
  • ങം  = ആഗ്രഹം 
  • ങുതം = ശബ്ദം 

ഇവയെത്ര പ്രചാരത്തിലുണ്ടെന്നു കണ്ടറിഞ്ഞു!

പക്ഷേ നമ്മുടെ നിത്യസംസാരത്തിൽ ഉപയോഗിക്കുന്ന, ങ-യിൽ തുടങ്ങുന്ന ഒരു ധാതുവുണ്ട്. അങ്ങനെ, ഇങ്ങനെ, എങ്ങനെ എന്നീ വാക്കുളളിലെ "ങനം" തന്നെ. പ്രകാരം എന്നർത്ഥമുള്ള ഒരു പഴയ ധാതുവാണിത്. (സ്വകാര്യം: അതിനാൽത്തന്നെ അങ്ങിനെ ഇങ്ങിനെ എങ്ങിനെ എണ്ണരൂപങ്ങളും ശരിയല്ല എന്നു വരുന്നു.) 

പാദാദിയിൽ അധികം വരാത്തതിനാൽ  ങ ചില്ലറക്കാരനാണെന്നു ധരിക്കരുത്. അനവധി  ധാതുക്കൾ അവസാനിക്കുന്നത് ങ-യിലാണ്. ഏതാനും ഉദാഹരണങ്ങളിതാ:

  • കറങ്
  • തുടങ് 
  • ഒടുങ് 
  • നടുങ്  
  • മടങ് 
  • കുലുങ് 

ങ-യുടെ സാന്നിധ്യം ധാതുക്കളുടെ അർത്ഥവും അവയിൽനിന്നുണ്ടാകുന്ന വാക്കുകളുടെ  രൂപവും മാറ്റുന്നു. ഉദാഹരണമായി, താഴെക്കാണുന്ന ജോഡികൾ ശ്രദ്ധിക്കുക

൧ . കറയ് >  കറയുക > കറക്കുക  > കറന്നു 

കറങ് > കറങ്ങുക > കറക്കുക > കറക്കി 

൨. തൂ > തൂകുക > തൂക്കുക > തൂക്കി 

തൂങ് > തൂങ്ങുക > തൂക്കുക > തൂക്കി 

ങ വന്നതോടെ അർത്ഥവും രൂപവും എത്രമാത്രം  മാറി!

ങയുടെ കാര്യം നല്ല രസമല്ലേ?

No comments:

Post a Comment